എല്ലാവർക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചത്; കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനുമായി കെപിസിസി പ്രിസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പാവപ്പെട്ട കർഷകർ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്കാത്ത പിണറായി സർക്കാർ ഹെലികോപ്റ്റർ വാങ്ങുന്ന തിരക്കിലാണ്. നെൽകർഷകരും റബർ കർഷകരും ഉൾപ്പെടെ എല്ലാവർക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനം മൊത്തം വിറ്റാലും തീർക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഒരാൾക്കും വേണ്ടാത്ത മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും സുരക്ഷയെന്ന് കെ സുധാകരൻ ചോദിക്കുന്നു. 80 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രി എന്തിന് ഹെലികോപ്റ്റർ യാത്ര ചെയ്തു. ഇത്തരം ധൂർത്തിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണ്. ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിനു വേണമോ എന്ന് ചിന്തിക്കേണ്ട സമയമായെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോ. ഇത്തരം ധൂർത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണോയെന്നും ഇതിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.