ന്യൂഡൽഹി: ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി ചന്ദ്രയാൻ 3. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. അതേസമയം, പ്രതിഭാസത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ആഗസ്റ്റ് 26 നാണ് ചന്ദ്രനിലെ പ്രകമ്പനത്തെ കുറിച്ച് ഇൽസ രേഖപ്പെടുത്തിയത്.
ചന്ദ്രയാൻ 3 ൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യവും ചന്ദ്രയാൻ 3 സ്ഥിരീകരിച്ചു. റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്‌സ് റേ സ്‌പെക്ട്രോമീറ്ററാണ് ഇക്കാര്യം ഉറപ്പിച്ചത്. റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്‌പെക്ട്രോസ്‌കോപ്പ് എന്ന ഉപകരണം രണ്ട് ദിവസം മുമ്പ് സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രോപരിതലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്. മൂലകങ്ങളുടെ സാന്നിധ്യം കാണിച്ചുള്ള ചിത്രങ്ങൾ എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് ലബോറട്ടറിയാണ് ലിബ്സ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

