പ്രതിസന്ധികൾ അറിയിക്കാതെ ഓണാഘോഷ പരിപാടികൾ അതിഗംഭീരമാക്കി; ആന്റണി രാജു

തിരുവനന്തപുരം: ഇത്തവണ സംസ്ഥാന സർക്കാർ ഓണാഘോഷ പരിപാടികൾ നടപ്പിലാക്കുന്നത് പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജാതിമത ചിന്തകളെ അകറ്റി നിർത്തി എല്ലാവരെയും ഒരുപോലെ കാണുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാർ ഡാമിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നെയ്യാർ ഡാമിലെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചത് ഓഗസ്റ്റ് 28 നാണ്. സെപ്തംബർ ഒന്നിന് പരിപാടികൾ സമാപിക്കും. സംഗീത പരിപാടികളും നൃത്തസന്ധ്യയും ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറി. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, പങ്കജകസ്തൂരി എംഡിജെ ഹരീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.