ഓണത്തിന് കേരളത്തിൽ റെക്കോർഡിട്ട് മദ്യ വില്പന

തിരുവനന്തപുരം : ഓണത്തിന് കേരളത്തിൽ റെക്കോർഡിട്ട് മദ്യ വില്പന. 8 ദിവസം കൊണ്ട് 665 കോടിയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. 2022 ൽ ഓണത്തിന് 624 കോടിയുടെ മദ്യ വില്പന ആയിരുന്നു 8 ദിവസം കൊണ്ട് നടന്നത്. കഴിഞ്ഞതവണ ബെവ്കോയുടെ മൊത്തം ഓണ വരുമാനം 700 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെക്കാൾ 41 കോടിയുടെ വർദ്ധനവാണ് ഈ വട്ടം മദ്യ വില്പനയിലൂടെ ലഭിച്ചത്.

ഇക്കൊല്ലം 10 ദിവസത്തെ മദ്യ വില്പനയിലൂടെ 770 കോടി രൂപയാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റ് വഴി ഈ ഉത്രാട ദിനത്തിൽ 116 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഇത് 112 കോടിയായിരുന്നു. ഈ വർഷം നാലു കോടിയുടെ അധിക വരുമാനമാണ് ഉത്രാട ദിനത്തിൽ മാത്രം ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്ന ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ നിന്ന് ലഭിച്ചത് 1.06 കോടി രൂപയുടെ വരുമാനം ആയിരുന്നു. മദ്യ വില്പനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം ആശ്രാമം ഔട്ട്ലെറ്റിൽ നിന്ന് 1.01 കോടിയുടെ മദ്യമാണ് വിറ്റത്.