പാചകവാതക സിലിണ്ടറുകളുടെ വിലക്കുറയ്ക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ന്യൂഡൽഹി: ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലക്കുറയ്ക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. 200 രൂപ സബ്സിഡി നൽകുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിൽ സിലിണ്ടറൊന്നിന് 1110 രൂപയാണ് വില. പുതിയ പ്രഖ്യാപനത്തോടെ ഇത് 910 രൂപയായി കുറയും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇ്ക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി ഉജ്വല സ്‌കീമിൽ ഉള്ളവർക്ക് നേരത്തെ ലഭ്യമായിരുന്ന 200 രൂപയുടെ കുറവിന് പുറമേയാണ് ഇന്ന് പ്രഖ്യാപിച്ച 200 രൂപയുടെ ഇളവും ലഭ്യമാകുന്നത്. 710 രൂപയ്ക്കാണ് ഉജ്ജ്വല സ്‌കീമിൽ ഉള്ളവർക്ക് സിലിണ്ടർ ലഭിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി ഉജ്വൽ യോജന സ്‌കീം പ്രകാരം പുതിയ 75 ലക്ഷം ഗ്യാസ് കണക്ഷനുകൾ നൽകാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ-ഓണം സമ്മാനമാണ് ഈ ഇളവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ സഹോദരിമാരുടെ ക്ഷേമത്തിനായുള്ള വലിയ പ്രഖ്യാപനമാണിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.