തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പൊന്നിൻ തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുത്തൻ ഓണനിലാവ് ഏറെ ആവേശത്തോടെയാണ് ഇത്തവണയും മലയാളി കൊണ്ടാടുന്നത്. സ്നേഹവും നന്മയും മാത്രം നിലനിന്നിനിരന്ന മാവേലി മന്നന്റെ ഓർമകളാണ് നമുക്കോരോ ഓണവും. എല്ലാ കൊല്ലവും മുറതെറ്റാതെ തന്റെ പ്രജകളെ കാണാൻ എത്തുന്ന മഹാബലി തമ്പുരാനെ മുറ്റത്തൊരുക്കിയ അത്തപൂക്കളവും തൂശനിലയിൽ തുമ്പപ്പൂ ചോറും 25 കൂട്ടം കറികളും 4 കൂട്ടം പായസവുമൊരുക്കിയാണ് മലയാളി വരവേൽക്കുന്നത്. തിരുവോണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന ഉത്രാടപ്പാച്ചിലിൽ കേരളത്തിലെ നഗരങ്ങൾ ജനസാഗരമായിരുന്നു.

ഓണസദ്യയ്ക്കുള്ള പച്ചക്കറികളുമായി വിപണന മേളകൾ കൊണ്ട് പാതയോരങ്ങൾ നിറഞ്ഞിരുന്നു. ഓണക്കാലം ഓഫാറുകളുടെ കാലം കൂടിയായതിനാൽ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിന്റെ ഓണാഘോഷ കേന്ദ്രമായ തലസ്ഥാന നഗരിയിൽ ഓണാഘോഷ പരിപാടികൾക്ക് തിരിതെളിഞ്ഞതോടെ ജനങ്ങൾ ആവേശത്തിലാണ്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഇന്നലെയാണ് തുടക്കമായത്. തെരുവോര കച്ചവടകേന്ദ്രങ്ങളും സർക്കാർ ഓണവിപണികളും ഇത്തവണയും സജീവമായിത്തന്നെയുണ്ട്. ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിലും ഓണാവേഷത്തിലാണ് കേരളം.