പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും ഓണക്കിറ്റ് വിതരണം ചെയ്യാമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് പ്രയോജനപ്പെടുത്തരുതെന്നാണ് നിർദ്ദേശം. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനങ്ങളിലോ പങ്കെടുപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പാർട്ടികളുടെ പേരോ ചിഹ്നമോ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പ് കിറ്റ് വിതരണത്തിൽ പാടില്ലെന്നും നിർദ്ദേശമുണ്ട്. പുതുപ്പള്ളിയിൽ ഓണക്കിറ്റിന്റെ പ്രയോജനം ലഭിക്കുക. 3500-ലധികം കുടുംബങ്ങൾക്കാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കിറ്റ് വിതരണത്തിനായി ജില്ലാ സപ്ലൈ ഓഫീസറും ജില്ലാ കളക്ടറും തുടർനടപടികൾ സ്വീകരിച്ചു.