ആർട്ടിക്കിൾ 370; കോടതിയിൽ ഹാജരായ അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി അന്വേഷിക്കണമെന്ന് കോടതി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജിയിൽ, കോടതിയിൽ ഹാജരായ അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി അന്വേഷിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി. ജമ്മു കശ്മീരിൽ നിന്നുള്ള സഹൂർ അഹമ്മദ് ഭട്ടിനെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രതികാര നടപടിയുടെ ഭാഗമായാണോ സസ്‌പെൻഷനെന്ന് സംശയിക്കുന്നതായാണ് കോടതി വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് ചട്ടലംഘനം നടത്തിയെന്നു കാണിച്ച് സഹൂർ അഹമ്മദിനെ സസ്‌പെൻഡ് ചെയ്തത്.

ഇക്കാര്യം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടു അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി ചോദിച്ചറിയണമെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ സഹൂർ അഹമ്മദ് കോടതിയിൽ ഹാജരായത്. അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്മീരിൽ വിദ്യാർഥികൾക്കു പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും, കുട്ടികളിൽ നിന്ന് ഉയരുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകാനാവുന്നില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നടപടി രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയുടെ ഔന്നത്യത്തിനും വിരുദ്ധമാണെന്നും സഹൂർ അഹമ്മദ് പറഞ്ഞു.

കേസിൽ വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ അവധിയെടുത്ത് കോടതിയിലെത്തിയ അധ്യാപകന് സസ്‌പെൻഷൻ നൽകിയെന്നായിരുന്നു കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കിയത്.