തിരുവനന്തപുരം: വിപുലമായ പരിപാടികളോടെ ഓണം വാരാഘോഷത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നർത്തകി മല്ലിക സാരാഭായി ചലച്ചിത്ര താരം ഫഹദ് ഫാസിൽ തുടങ്ങി നിരവധി പൗര പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണം പങ്കുവെക്കുന്ന തുല്യതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവർക്കും വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. സമൃദ്ധമായി ഓണം ആഘോഷിക്കാൻ കഴിയാത്തവരെ കൂടി ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു പോവുകാനുതകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിജീവന സങ്കൽപ്പംകൂടി പങ്കുവയ്ക്കുന്നതാണ് ഓണത്തിന്റെ ഐതിഹ്യം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ഈ ഓണക്കാലവും നമ്മൾ സമൃദ്ധമാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലർ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രയാസം അനുഭവിക്കുന്നവർ ഓണം ആഘോഷിക്കണമെന്ന് കരുതി സർക്കാർ ഇടപെട്ട് 18,000 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണം ഉയർത്തുന്ന അതിജീവന സങ്കൽപ്പത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഈ ഘട്ടത്തിൽ നമ്മളെത്തന്നെ നമുക്കു പുനരർപ്പിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും പിണറായി വിജയൻ ഓണാശംസകൾ നേരുകയും ചെയ്തു.

