കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ അറസ്റ്റിൽ. വ്യാജരേഖ കേസിലാണ് അറസ്്റ്റ്. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്തത്.
ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് ഷാജനെ സ്കറിയക്കെതിരെയുള്ള പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് പോലീസ് ഷാജൻ സ്കറിയയെ കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാളാണ് മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി പരാതി നൽകിയത്.
ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിലായിരുന്നു നടപടി. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

