ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത അല്ലു അർജുനെ പ്രശംസിച്ച് തമിഴ് നടൻ സൂര്യ. തെലുങ്ക് സിനിമ രംഗത്ത് അല്ലു അർജുൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് സൂര്യ പ്രതികരിച്ചത്. പുഷ്പ സിനിമയിലൂടെ മികച്ച സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദിനെയും സൂര്യ എക്‌സിലൂടെ അഭിനന്ദിച്ചു. സുകുമാർ സംവിധാനം ചെയ്ത പുഷ്പ പാൻ ഇന്ത്യൻ സിനിമയായെത്തി ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമാണ്.
ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രത്തിന് ചിത്രത്തിൽ ഏറെ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. മലയാളത്തിലും പുഷ്പയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പുഷ്പ്പയിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയവയായിരുന്നു . ദേശീയ പുരസ്‌കാരം ലഭിച്ച അല്ലു അർജുന്റെ കുടുംബത്തിന്റെയും സംവിധായകന്റെയും ഒപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

