തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയിൽ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാൻ ഇല്ലായിരുന്നെന്ന് സുധാകരൻ വിമർശിച്ചു.
മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രി തന്റേതാക്കാൻ ശ്രമിക്കുന്ന കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മൻ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാൻ പിണറായി വിജയന് സാധിക്കില്ല. ഗെയിൽ പദ്ധതി, ദേശീയപാതാ തുടങ്ങിയവയ്ക്കെതിരെ സിപിഎം പ്രക്ഷോഭം നടത്തി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കിൽ അതും ഉമ്മൻചാണ്ടിയുടെ ഭരണ നേട്ടത്തിൽ ഉൾപ്പെടുമായിരുന്നു. വികസനകാര്യത്തിൽ പുതുപ്പള്ളി മറ്റൊരു മണ്ഡലത്തിനും പുറകിലല്ലെന്നും മറ്റു മണ്ഡലങ്ങളെക്കാളും മുകളിലാണെന്നും സുധാകരൻ വ്യക്തമാക്കി.
പ്രളയകാലത്തും കോവിഡ് കാലത്തും ഉണ്ടായതിനേക്കാൾ വലിയ ദുരിതമാണ് ഈ ഓണക്കാലത്ത് ഓരോ മലയാളിക്കും സംഭവിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാമാസവും മുടങ്ങാതെ ശമ്പളം നൽകണമെന്ന് പറഞ്ഞ് ഹൈക്കോടതി പോലും നാണം കെട്ടിരിക്കുകയാണ്. പിണറായി സർക്കാരിന്റെ തുടർച്ചയായ ഭരണം കേരളത്തെ വൻ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കടുത്ത സാമ്പത്തിക ബുദ്ധുമുട്ടിലൂടെ കടന്ന് പോകുന്ന സാധാരണക്കാർക്ക് റേഷൻകടകളിൽ നിന്നോ സപ്ലൈകോ ഉൾപ്പെടെയുള്ള ന്യായവില സ്റ്റോറുകളിൽ നിന്നോ അവശ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈതോലപ്പായയും മാസപ്പടിയും എഐ ക്യാമറ ഇടപാടും സ്വർണ്ണക്കടത്തും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിട്ടുള്ളത്. മുൻ ഇടതു മന്ത്രിമാരും ഇപ്പോഴുള്ളവരും ഇത്തരം ആരോപണങ്ങളുടെ മുൾമുനയിലാണ്. കരിവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി.മൊയ്ദീന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കോടികളുടെ പണമിടപാട് കേരളത്തെ ഞെട്ടിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

