പാലക്കാട്: സംസ്ഥാനത്ത് ചൂട് ഉയരുന്നു. ഓണക്കാലത്ത് താപനില പലയിടത്തും 40 ഡിഗ്രിയോളം എത്തിയിരിക്കുകയാണ്. അൾട്രാവയലറ്റ്(യുവി) രശ്മികളുടെ തീവ്രതയും ഉയർന്നിട്ടുണ്ട്. അടുത്തമാസം മഴ ലഭിച്ചില്ലെങ്കിൽ കേരളം കടുത്ത വരൾച്ചയിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇത്തവണ മഴക്കുറവ് രൂക്ഷം കിഴക്കൻ മേഖലയിലാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ജലസംഭരണിയാണ് ഈ പ്രദേശം. ഇടുക്കിയിലാണ് നിലവിൽ മഴ തീരെക്കുറഞ്ഞത്- 63%. വയനാട്, പാലക്കാട്, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 50% ലധികമാണ് മഴക്കുറവ്. ജൂൺ ഒന്നുമുതൽ ഇതുവരെ 2,092 മില്ലീമീറ്റർ മഴ ലഭിക്കേണ്ട ഇടുക്കിയിൽ കിട്ടിയത് 783.8 മില്ലീമീറ്റർ മഴ. സംസ്ഥാനത്ത് ഏതാണ്ട് 10% മഴ മാത്രമാണ് ഈ മാസം ലഭിച്ചത്.
ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മിയുടെ അളവ് ശരാശരിയേക്കാൾ മുകളിലാണ്. അടുത്തമാസം ആദ്യം കുറച്ചു മഴയുണ്ടാകാമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശ മാറിയാലേ അതും സാധ്യമാകൂവെന്നാണ് നിഗമനം. കാലവർഷമേഘങ്ങൾ മുഴുവൻ ഹിമാലയമേഖലയിലേക്കു മാറിയിരിക്കുകയാണ്. മൺസൂൺപാത്തിയും അതേദിശയിലായതോടെയാണ് കേരളത്തിൽ മഴക്കാലത്തിന് നീണ്ട ഇടവേള വന്നത്.

