ന്യൂഡൽഹി: 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പങ്കുവെച്ചത് രണ്ടു പേരാണ്. ഗംഗുഭായ് കത്ത്യാവാടി എന്ന സിനിമയിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനോനും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡി അഭിനയ മികവാണ് ആലിയ ഭട്ടിന് ഈ നേട്ടം നൽകിയത്. ചുവന്ന തെരുവിൽ ജീവിച്ച ഗംഗുഭായ് എന്ന വനിതയുടെ ജീവിതകഥയാണ് സിനിമയ്ക്ക് അടിസ്ഥാനം. നിഷകളങ്കയായ കൗമാരക്കാരിയിൽ നിന്നും ഗംഗുഭായിയിലേക്കുള്ള മാറ്റത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
തന്നെ പ്രണയിച്ച പുരുഷൻ വഞ്ചിക്കുന്നതോടെയാണ് നിഷ്‌കളങ്കയായ കൗമാരക്കാരിക്ക് കാമാത്തിപ്പുരയെന്ന ചുവന്ന തെരുവിൽ കഴിയേണ്ടി വന്നത്. ഗുജറാത്തിലെ കത്തിയവാഡ് സ്വദേശിയായ ഗംഗുബായിക്ക് സിനിമയിൽ അഭിനയിക്കുകയായിരുന്നു വലിയ സ്വപ്നം. എങ്ങനെയും മുംബൈയിൽ എത്തിപ്പെടണമെന്ന മോഹം കാരണം കോളേജ് പഠനകാലത്ത് രാംനിക്ക് ലാൽ എന്നയാൾക്കൊപ്പം, പതിനാറാം വയസ്സിൽ ഗംഗുഭായ് മുംബൈയിലേക്ക് കടന്നു. സിനിമാമോഹങ്ങളായിരുന്നു ഗംഗുബായിയുടെ മനസ്സിൽ. പിന്നീട് അവളെ രാംനിക് ലൈംഗിക വൃത്തിയിലേക്ക് നയിക്കുന്നതും, കാമാത്തിപ്പുരയിലെ മാഫിയ ക്വീനായി മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
വാടക ഗർഭപാത്രത്തിലൂടെ അമ്മയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് മിമി. ഈ സിനിമയിലെ അഭിനയ മികവാണ് കൃതി സനോണിനെ ദേശീയ പുരസ്‌കാരത്തിന് അർഹയാക്കിയത്. കൃതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ലക്ഷ്മൺ ഉഠേക്കർ മിമി ഒരുക്കിയത്. വിദേശദമ്പതികൾക്കായി സരോഗസിയിലൂടെ അമ്മയാകുന്ന മിമി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. എന്നാൽ മിമി ഗർഭിണിയാകുന്നതോടെ വിദേശ ദമ്പതികൾ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുകയും ഗർഭച്ഛിദ്രത്തിലൂടെ കുഞ്ഞിനെ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ അതിനു മിമി തയാറല്ലായിരുന്നു. തുടർന്ന് ആ കുഞ്ഞിനെ മിമി സ്വന്തം കുഞ്ഞായി വളർത്താൻ തീരുമാനിക്കുന്നു. ഇതിനിടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

