ദേശീയ ചലച്ചിത്ര പ്രഖ്യാപനം ഇന്ന് നടക്കും ; പ്രതീക്ഷയോടെ മലയാള സിനിമകൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങൾ ഇന്ന് നടക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് വൈകിട്ട് 5 ന് ഡൽഹിയിൽ ചലച്ചിത്ര പ്രഖ്യാപനം നടത്തുന്നത്. 2021 ന് റിലീസ് ചെയ്ത ചിത്രങ്ങളായിരിക്കും അവാർഡിന് പരിഗണിക്കുന്നത്. മലയാളത്തിൽ നിന്ന് നായാട്ട്, മിന്നൽമുരളി, ഹോം, മേപ്പടിയാൻ,ആവാസവ്യൂഹം, ചവിട്ട് തുടങ്ങിയ ചിത്രങ്ങൾ പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഐ എസ് ആർ ഒ മുൻ ചെയർമാൻ ആയിരുന്ന നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ‘റോക്കട്രി :ദ നമ്പി എഫക്ട്’എന്ന ചിത്രത്തിലെ അഭിനയത്തിന് മാധവനും കശ്മീർ ഫയൽസ് എന്ന ചിത്രത്തിലെ അഭിനയത്തിന് അനുപം ഖേറും മികച്ച നടനാവാനുള്ള മത്സരത്തിലുണ്ട്.

നായാട്ടിലെ അഭിനയത്തിന് ജോജു ജോർജിനും ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും പുരസ്‌കാര സാധ്യതയുണ്ടെന്നാണ് സൂചന. ഗംഗു ഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണയും മികച്ച നടിക്കായുള്ള മത്സരത്തിലുണ്ട്. രാജമൗലി ചിത്രമായ ആർ ആർ ആറിന് സംഗീതമൊരുക്കിയ കീരവാണി മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കാനുണ്ട്. 8 അവാർഡുകളാണ് കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള സിനിമയ്‌ക്ക് ലഭിച്ചത്. മികച്ച സംവിധായകനായി സച്ചിയെയും മികച്ച നടിയായി സുററൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തിരുന്നു. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായി തിരഞ്ഞെടുത്തത് ബിജു മേനോനെയായിരുന്നു.