ഹിമാചലിൽ കനത്ത മഴയെ തുടർന്നു 8 കെട്ടിടങ്ങൾ തകർന്നു

ഷിംല : ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടങ്ങൾ തകർന്നു. കുളുവിലും മാണ്ഡിയിലും കെട്ടിടങ്ങൾക്കടിയിൽ പെട്ടവർക്കായി തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ 8 കെട്ടിടങ്ങളാണ് തകർന്നത്. ഇതോടെ ഉത്തരാഖണ്ഡിലെ 7 ജില്ലകളിലും ഹിമാചൽ പ്രദേശിലെ 12 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . മേഘ വിസ്ഫോടനത്തിൽ മാണ്ഡിയിലെ കടൗളയിലെ ഒരു പ്രദേശം തന്നെ ഇല്ലാതായിട്ടുണ്ട്.

എൻ ഡി ആർ എഫും എസ് ഡി ആർ എഫും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഹിമാചലിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും മുൻകരുതൽ നടപടിയായി എൻ എച്ച് 305 ന്റെ സമീപമുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കുളുവിൽ നിന്ന് മാണ്ഡിയിലേക്കുള്ള റോഡ് തകർന്നു കിടക്കുന്നതിനാൽ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. സരാച്ചിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അനേകം പേരെ കാണാതായിട്ടുണ്ട്. 12 ജില്ലകളിൽ ഇപ്പോഴും ശക്തമായി മഴ തുടരുകയാണ്. ഉത്തരാഖണ്ഡിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്.