ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല; പരാമർശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ഉദ്ധരിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിച്ചതിനെയും ആർട്ടിക്കിൾ 370ൽ വരുത്തിയ മാറ്റത്തെയും ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ പരാമർശം. ആർട്ടിക്കിൾ 370ലെ മാറ്റങ്ങളെ എതിർത്ത് അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സമർപ്പിച്ച വാദങ്ങൾക്ക് മറുപടിയായാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ആർട്ടിക്കിൾ 1 ഭരണഘടനയുടെ സ്ഥിരമായ സവിശേഷതയാണെന്നും അത് ഏത് സാഹചര്യത്തിലും ആർട്ടിക്കിൾ 370ന് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 370ൽ ആർട്ടിക്കിൾ 1 അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ആർട്ടിക്കിൾ 370 സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആർട്ടിക്കിൾ 1 അതിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലായിരുന്നുവെന്നും ആർട്ടിൽ 1 ഭരണഘടനയുടെ സ്ഥിരമായ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു.