തിരുവനന്തപുരം: സർക്കാരിനെതിരെ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കും എന്നതാണ് വലിയ തോതിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇനത്തിൽപ്പെട്ട സാധനങ്ങൾ സംസ്ഥാനത്ത് നൽകുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ ലക്ഷ്യം നവകേരളം സൃഷ്ടിക്കലാണ്. കേരളം പോകുന്നത് വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ്. ഹാപ്പിനെസ്സ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വർഷത്തിനുള്ളിൽ ഈ നേട്ടങ്ങൾ സ്വന്തമാക്കും. ചില നിക്ഷിപ്ത താത്പര്യക്കാർ ബോധപൂർവമായ പ്രചാരണം അഴിച്ചുവിടുന്നുവെന്നും ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ല. വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സർക്കാരിന്റെ തുടർച്ചയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

