ജൈവ പച്ചക്കറികളിലും കീടനാശിനി; റിപ്പോർട്ട് പുറത്തുവിട്ട് കാർഷിക സർവകലാശാല

തൃശൂർ: ജൈവ പച്ചക്കറികളിലും കീടനാശിനി കണ്ടെത്തിയെന്ന റിപ്പോർട്ടുമായി കാർഷിക സർവകലാശാല. പരിശോധനാ റിപ്പോർട്ടിലാണ് കാർഷിക സർവ്വകലാശാല ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 56 ഇനം പച്ചക്കറി സാമ്പിളുകളിൽ 27 എണ്ണത്തിലും കീടനാശിനി കലർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഒക്ടോബർ മുതൽ ഈ വർഷം മാർച്ച് വരെ നടത്തിയ പരിശോധനയിലാണ് ജൈവ പച്ചക്കറികളിലെ കീടനാശിനി കണ്ടെത്തിയത്. പൊതുവിപണിയിലെ 21 സുഗന്ധവ്യഞ്ജനങ്ങളിൽ 18 എണ്ണത്തിലും കീടനാശിനിയുണ്ടെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. പച്ചക്കറിയിൽ 48.21 ശതമാനം, ഉണക്കമുന്തിരിയിൽ 50 ശതമാനവും സുഗന്ധവ്യഞ്ജനത്തിൽ 85.71 ശതമാനവും കറുത്ത മുന്തിരിയിൽ 100 ശതമാനവും ആപ്പിളിൽ 50 ശതമാനവും കീടനാശിനി കലർന്നിട്ടുണ്ട്.

കുരുമുളക്പൊടി, പെരുംജീരകം, വെള്ളക്കടല, ഉലുവ, ഓറഞ്ച്, മുസംബി, മാങ്ങ, പപ്പായ, പാഷൻഫ്രൂട്ട് എന്നിവയിൽ കീടനാശിനിയില്ല. പച്ചച്ചീര, ബജിമുളക്, പച്ച, മഞ്ഞ, ചുവപ്പ് കാപ്സിക്കം, വെണ്ട, സെലറി, കോവയ്ക്ക, കെയ്ൽ, ഉലുവ ഇലകൾ, പാലക് ചീര, സലാഡ് വെള്ളരി, പടവലം, പയർ, വഴുതന, സാമ്പാർ മുളക്, കറിവേപ്പില, പച്ചമുളക്, പുതിനയില, ബീറ്റ്റൂട്ട്, പാവയ്ക്ക, കത്തിരി, ബ്രോക്കോളി, കാബേജ്, ഇഞ്ചി, നെല്ലിക്ക തുടങ്ങിയ പച്ചക്കറികളിൽ കീടനാശിനി കണ്ടെത്തിയിട്ടുണ്ട്.