പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന ആഗസ്റ്റ് 22 മുതൽ 26 വരെ നടക്കും. ജില്ലയിലെ 12 സർക്കിൾ പരിധികളിലും പരിശോധനകൾ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവടസാധനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിക്‌സ്, ശർക്കര, നെയ്യ്, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കും. വാളയാർ, മീനാക്ഷിപുരം എന്നീ ചെക്ക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും സാമ്പിൾ ശേഖരണവും നടത്തും.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ജില്ലയിൽ എട്ട് യൂണിറ്റുകളിൽ നിന്ന് എട്ട് നിയമാനുസൃത സാമ്പിളുകളും സർവൈലൻസ് സാമ്പിളുകളും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഓണക്കാല പരിശോധനകളിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വി ഷൺമുഖൻ അറിയിച്ചു.

