കൊച്ചി : ഓണക്കാലം വന്നതോടെ പൂവിപണിയിൽ കച്ചവടത്തിന് ചൂട് പിടിച്ചിരിക്കുകയാണ്. അത്തപൂക്കളമിടാനും ഓണാഘോഷത്തിന് തലയിൽ വയ്ക്കാനും പൂക്കൾ വാങ്ങുന്നവർ ഏറെയാണ്. ഇതോടെ ആവശ്യക്കാരെ മുതലെടുക്കുന്ന കച്ചവടക്കാരും രംഗത്തുണ്ട്. മുല്ല പൂവ് കൈ കൊണ്ട് അളന്ന് നൽകാൻ പാടില്ലെന്ന നിയമം തെറ്റിച്ച് മുഴം കണക്കിൽ പൂ വിൽപ്പന നടത്തിയ 6 പേർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. കൈ നീളം ഓരോ വ്യക്തികൾക്കും വ്യത്യസ്തമായതിനാൽ പൂവ് ഒരു പോലെ അളന്ന് നല്കാൻ കഴിയില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് നടപടി.
നിശ്ചിത നീളമുള്ള സ്കെയിൽ കൊണ്ടോ ത്രാസിൽ തൂക്കിയോ മുല്ലപ്പൂ വിൽക്കണമെന്ന നിയമം നില നിൽക്കുന്നതിനാൽ 2000 രൂപയാണ് ഇവരിൽ നിന്ന് പിഴയായി ഈടാക്കിയത്. മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ച് വില്പന നടത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിരത്തുകളിലെ പൂക്കടകളിൽ ലീഗൽ മെട്രോളജി വകുപ്പ് എപ്പോഴും പരിശോധന നടത്താത്തതു മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

