പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികക്കെതിരെ നിയമ നടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ടർപട്ടികയിൽ നിന്ന് അർഹരായ നൂറുകണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താൽ ഒഴിവാക്കിയതിനെതിരെയാണ് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വ. വിമൽരവി മുഖേന ചാണ്ടി ഉമ്മൻ വക്കീൽ നോട്ടീസ് അയച്ചു.
അതേസമയം, 2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളിൽ ഓഗസ്റ്റ് 17 വരെ നടപടികൾ (ഇറോൾ അപ്ഡേഷൻ) പൂർത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷൻ കമ്മിഷന്റെ വിശദീകരണം. എന്നാൽ ഓഗസ്റ്റ് പത്തിന് ശേഷം അപേക്ഷ സമർപ്പിക്കപ്പെട്ട പുതിയ വോട്ടർമാരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മൻ നിയമ നടപടികളുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്ന് ഇതെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

