ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഇഡി സ്വയം നിയമമാകരുതെന്ന് കോടതി വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് കേസിലാണ് കോടതി ഇതുസംബന്ധിച്ച നീരീക്ഷണം നടത്തിയത്. കേസിലെ തുടർനടപടികൾ നിർത്തിവെയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മദ്യനയത്തിൽ വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടായിരം കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് ഇഡി രജിസ്റ്റർ ചെയത കേസ്. കേസിലെ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ താൽക്കാലിക സംരക്ഷണം സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കുംഭകോണവുമായി ബന്ധപ്പെട്ട് യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെയും പ്രതികളാക്കണം എന്ന് നിർദ്ദേശം സുപ്രീംകോടതി വിധിക്കു ശേഷം ഇഡി നൽകുകയായിരുന്നു. ഛത്തീസ്ഗഡിലെ മദ്യ സിൻഡിക്കേറ്റ് വ്യാജ ഹോളോഗ്രാം നോയിഡയിൽ നിർമ്മിച്ചു എന്ന കേസാണ് യുപി പൊലീസ് രജിസ്റ്റർ ചെയ്തത്.
കേസിലെ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ജൂലൈ പതിനെട്ടിന് സുപ്രീ കോടതി തടഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടും വളഞ്ഞവഴിയിലൂടെ അറസ്റ്റു ചെയ്യാനാണ് ഇഡി യുപി പൊലീസിന് കത്തു നല്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതോടെയാണ് ഇഡിയുടെ നീക്കത്തിൽ സംശയം പ്രകടിപ്പിച്ച് ജസ്റ്റിസ് എസ് കെ കൗൾ നേതൃത്വം നൽകുന്ന ബഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചത്. കോടതിയെ മറികടക്കാനുള്ള നീക്കം ഇഡി നടത്തിയോ എന്ന് സംശയിക്കണമെന്നും ബഞ്ച് നിരീക്ഷിച്ചു.

