ബോളിവുഡ് താരം സണ്ണി ഡിയോളിന് വൻ സാമ്പത്തിക ബാധ്യത. സണ്ണി ഡിയോൾ വരുത്തിയ 55 കോടിയുടെ വായ്പാ കുടിശിക തിരിച്ചുപിടിക്കാൻ ജുഹുവിലെ ലേലത്തിൽ വെക്കാൻ ബംഗ്ലാവ് ബാങ്ക് ഓഫ് ബറോഡ തീരുമാനിച്ചു. സെപ്റ്റംബർ 25നാണ് ലേലം നടക്കുക. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് സണ്ണി ഡിയോൾ എന്ന അജയ് സിംഗ് ഡിയോൾ 55,99,80,766.33 രൂപ വായ്പ എടുത്തുവെന്ന് നോട്ടീസിൽ വ്യക്തമമായിട്ടുണ്ട്. നൽകാനുള്ള 55.99 കോടി രൂപ തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന്റെ സ്വത്ത് ലേലം ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു.
ജുഹുവിലെ ബംഗ്ലാവിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റുഡിയോയിൽ നിന്നാണ് സണ്ണി ഡിയോൾ സിനിമാ സംബന്ധമായ ജോലികൾ ചെയ്യുന്നത്. ബംഗ്ലാവിൽ നടന്റെ ഓഫീസിൽ സൂപ്പർ സൗണ്ട് സ്റ്റുഡിയോ, ഒരു പ്രിവ്യൂ തിയേറ്റർ, മറ്റ് രണ്ട് പോസ്റ്റ്-പ്രൊഡക്ഷൻ സ്യൂട്ടുകൾ തുടങ്ങിയവയുണ്ട്. ജില്ലാ മജിസ്ട്രേറ്റിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷമായിരിക്കും ബാങ്ക് ലേലനടപടികൾ ആരംഭിക്കുക.
ലേലത്തിൽ ബംഗ്ലാവ് വാങ്ങുന്നയാൾക്ക് വസ്തുവിന്റെ ഭൗതിക കൈവശാവകാശം നൽകും. ലേല നടപടികൾ ഓൺലൈനായാണ് നടത്തുക. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്നയാൾക്ക് ബംഗ്ലാവിന്റെ പ്രതീകാത്മക ഉടമസ്ഥാവകാശം ലഭിക്കും. ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ലേലം വിളിച്ചവർക്ക് ബംഗ്ലാവിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാം. ഘയാൽ വൺസ് എഗെയ്ൻ (2016) എന്ന ചിത്രത്തിന് വേണ്ടിയാണ് സണ്ണി ഡിയോൾ ബംഗ്ലാവിലെ സ്റ്റുഡിയോ സമുച്ചയം പണയം വെച്ച് വായ്പയെടുത്തത്. എന്നാൽ വായ്പ യഥാസമയം തിരിച്ചടക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

