കൊച്ചി: ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് മിത്ത് പരാമർശം നടത്തിയതെന്ന് സ്പീക്കർ എ എൻ ഷംസീർ. മിത്ത് വിവാദത്തിൽ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന്റെ പേരിൽ രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. സഹോദരൻ അയ്യപ്പൻ പുരസ്‌കാരം നൽകിയ ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ വേട്ടയാടപ്പെടുന്നു, ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ചില കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ അക്രമിക്കപ്പെടുന്നു. കേരളത്തിൽ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ഇന്നുകാണുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരം ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്നതാണെന്നും അദ്ദേഹം അറിയിച്ചു.
അത്തരത്തിൽ ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരാമർത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്നും രൂക്ഷമായ ആക്രമണമായിരുന്നു നടന്നതെന്നും ഷംസീർ കൂട്ടിച്ചേർത്തു.

