ഓർത്തഡോക്സ് സഭയുടെ മെത്രോപൊലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു

കോട്ടയം : കൊല്ലം മുൻ ഭദ്രാസനാധിപനും ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയുമായിരുന്ന സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിയിലെ അന്തോണിയോസ് ദയറായിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്ന മെത്രോപോലീത്തയുടെ കബറടക്കം പിന്നീട് നടത്തും. പുനലൂരിലെ ആറ്റുമാലിൽ 1946 ജൂലൈ 19ന് ആയിരുന്നു ഡബ്ല്യൂ സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി മാർ അന്തോണിയോസ് ജനിച്ചത്. കൊല്ലം, കുളത്തൂപ്പുഴ, നെടുമ്പായിക്കുളം, കാദീശ തുടങ്ങിയ ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കൊല്ലം ബിഷപ്പ് ഹൗസിൽ വളരെക്കാലം മാനേജരായി പ്രവർത്തിച്ചിരുന്നു.

1989 ഡിസംബർ 28 ന് മെത്രോപോലീത്തയായി അവരോധിക്കപ്പെട്ട ശേഷം 1991 ഏപ്രിൽ 31ന് വാഴിക്കപ്പെട്ടു. കൊല്ലം ഭദ്രാസനം മെത്രോപോലീത്തയായി ചുമതലയേറ്റത് 2009 ഏപ്രിൽ ഒന്നിനായിരുന്നു. 1991 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ കൊച്ചി ഭദ്രാസനത്തിലെ മെത്രോപൊലീത്തയായിരുന്നു. മുൻപ് എലംകുളം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ അംഗങ്ങൾ മെത്രോപൊലീത്തയ്ക്ക് കാർ സമ്മാനിക്കുന്നതിനെപ്പറ്റി ആലോചിക്കുകയുണ്ടായി. കാർ തനിക്ക് വേണ്ടെന്നും അതിനുപകരം കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകണമെന്നുമായിരുന്നു മെത്രോപ്പോലീത്തയുടെ നിർദേശം. കൊച്ചി ഭദ്രാസനത്തിലെ പള്ളികൾ ചേർത്ത് സൊസൈറ്റി രൂപീകരിച്ചത് ഇദ്ദേഹമായിരുന്നു.

ഈ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കാരുണ്യ നിലയത്തിൽ കുറഞ്ഞ നിരക്കിൽ ലാബ് സൗകര്യം, മെഡിക്കൽ കോളേജിലെ രോഗികൾക്ക് കഞ്ഞി, ആശുപത്രിയിൽ മുറി കിട്ടാത്ത രോഗികൾക്ക് താൽക്കാലിക മുറി എന്നിവ നൽകിവരുന്നുണ്ട്. പാസ്പോർട്ട് ഇല്ലാത്തതെന്തെന്ന ആളുകളുടെ ചോദ്യത്തിന് തനിക്ക് ഭദ്രാസന ചുമതലയുള്ളത് കൊച്ചിയിലും കൊല്ലത്തുമാണെന്നും അവിടെ പോകാൻ പാസ്പോർട്ടിന്റെ ആവശ്യമില്ലെന്നുമുള്ള മറുപടിയാണ് മെത്രാപ്പോലീത്ത നൽകിയത്.