ബാലഗോപാൽ മന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നാരോപിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ധനമന്ത്രി പട്ടം ഒഴിവാക്കി ബാല ഗോപാൽ വേറെ പണിക്ക് പോകുന്നത് നല്ലതായിരിക്കുമെന്നാരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശമ്പളവും പെൻഷനും ഇത് വരെ കൊടുക്കാൻ കഴിയാതെ കേരളത്തിലെ ജനങ്ങളുടെ ഓണം സർക്കാർ അവതാളത്തിലാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്ര സർക്കാരിന്റെ തലയിലേക്ക് പഴി ചാരേണ്ട കാര്യമില്ലെന്നും കേന്ദ്ര നികുതി വിഹിതം കുറച്ചെന്നു കാട്ടി കേന്ദ്ര ധനമന്ത്രിയെ കാണാൻ എൽഡിഎഫിനും യു ഡി എഫിനും ധൈര്യമുണ്ടോയെന്നും സുരേന്ദ്രൻ വിമർശിച്ചു .

ഇന്ത്യയിൽ സാമ്പത്തിക സ്ഥിതി മോശമായി നിൽക്കുന്ന സംസ്ഥാനം കേരളമാണ്. നരേന്ദ്ര മോദി സർക്കാർ വന്ന ശേഷമുള്ള ഗ്രാൻഡും വിഹിതവും സർക്കാർ വ്യക്തമാക്കണം. സർക്കാരിന് ഓണം ഇപ്പോൾ വരുമെന്ന് അറിയില്ലായിരുന്നോ എന്നിങ്ങനെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 14 തവണയാണ് കള്ള കേസുകളിൽ എന്നെ ചോദ്യം ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ തട്ടിപ്പിൽ ഒരു അന്വേഷണമോ നീക്കുപോക്കോ ഉണ്ടാകുന്നില്ല. പിണറായി വിജയൻറെ എല്ലാ ആനുകൂല്യവും സതീശന് ലഭിക്കുന്നുണ്ട്. അത് കൊണ്ട് സിപി എമ്മിനെതിരെ സതീശൻ നീങ്ങില്ല.

മുഖ്യമന്ത്രിയും മകളും ചേർന്ന് പ്രകൃതി സമ്പത്ത് കൊള്ളയടിക്കുകയാണ്. കേന്ദ്ര നിയമത്തെ മറി കടന്ന് കരി മണൽ കമ്പനിയെ സഹായിക്കാൻ ശ്രമിച്ചതിനാണ് മുഖ്യമന്ത്രിയുടെ മകൾക്കും യു ഡി എഫ് നേതാക്കൾക്കും പണം കിട്ടിയത്. പിണറായി വിജയൻ പണ്ടും പണപ്പിരിവ് നടത്തി എന്നതിന്റെ തെളിവാണ് ദേശാഭിമാനി അസ്സോസിയേറ്റ് എഡിറ്റർ ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റ്. ഈ വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളോട് അന്വേഷണം നടത്താൻ പറയുമെന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു.