അഭിഭാഷകനായിരിക്കെ ബിസിനസ് നടത്തി ; മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

തിരുവനന്തപുരം : ഹൈക്കോടതിയിലെ അഭിഭാഷകൻ മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽ നാടനെതിരെ പരാതിയുമായി രംഗത്തെത്തി. അഭിഭാഷക ധാർമികത ലംഘിച്ച് ബിസ്സിനസ്സ് നടത്തിയെന്നാരോപിച്ചാണ് എം എൽ എ യ്ക്കെതിരെ ബാർ കൗൺസിലിൽ അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. ബാർ കൗൺസിൽ ചട്ടം പ്രകാരം അഭിഭാഷകനായി എൻറോൾ ചെയ്ത വ്യക്തി ബിസിനസ് ചെയ്യാൻ പാടില്ല. എന്നാൽ മാത്യു കുഴൽ നാടൻ അഭിഭാഷകനായിരിക്കെ ബിസിനസ് നടത്തിയതിൽ തെളിവുണ്ട്. അഡ്വക്കേറ്റ് ആക്ടിലെ 53 മത്തെ വകുപ്പ് പ്രകാരം കുഴൽ നാടനെതിരെ നടപടി സ്വീകരിക്കണം എന്നിങ്ങനെയായിരുന്നു ഹൈക്കോടതി അഭിഭാഷകന്റെ പരാതി.

പരാതിയിൽ വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ പണമിടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതിനാൽ മാധ്യമങ്ങളെ കാണാനിരിക്കുകയാണ് മാത്യു കുഴൽ നാടൻ. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതിനാൽ ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്നാണ് എം എൽ എ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.