തിരുവനന്തപുരം: കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ ഇ ഒ യേയും സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതി ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം ചാലുകുന്ന് സിഎൻഐഎൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എഇഒ എം.കെ.മോഹൻദാസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്ററെ വിജിലൻസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് മന്ത്രി നിർദ്ദേശിച്ചിരുന്നു.

