വിവാദ പ്രസ്താവന നടത്തി ഗുലാം നബി ആസാദ് ; അദ്ദേഹത്തിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് ബി ജെ പി

ശ്രീനഗർ : ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികളിൽ ഭൂരിഭാഗം ആളുകളും ഹിന്ദു മതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് ഡെമോക്രാറ്റിക്‌ പ്രോഗ്രസ്സീവ് ആസാദ് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്. പണ്ഡിറ്റുമാരിൽ നിന്ന് മതം മാറിയതാണ് കശ്മീരിലെ ഭൂരിഭാഗം മുസ്ലിം ആളുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ കോൺഗ്രസ് പാർട്ടി വിട്ട് പുതിയ പാർട്ടി നിർമിച്ച അദ്ദേഹം കശ്മീരിലെ ദോഡ ജില്ലയിൽ നടന്ന പരിപാടിക്കിടെയാണ് ഈ വാദം ഉന്നയിച്ചത്.

ഗുലാം നബിയുടെ പരാമർശത്തെ സ്വാഗതം ചെയ്ത ബി ജെ പി രംഗത്ത് വന്നിട്ടുണ്ട്. ‘1500 വർഷങ്ങൾക്ക് മുമ്പുണ്ടായ ഇസ്ലാം മതത്തേക്കാൾ ഹിന്ദുമതത്തിന് പഴക്കമുണ്ട്. മുസ്ലിം ആളുകളിൽ പത്തോ ഇരുപതോ പേര് മാത്രമാണ് പുറത്ത് നിന്ന് വന്നത്. ബാക്കിയുള്ള ഇസ്ലാം മതത്തിൽ പെട്ടവരെല്ലാം ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം നടത്തിയവരാണ്.600 വർഷങ്ങൾക്ക് മുൻപ് കശ്‍മീരിലെ പണ്ഡിറ്റുമാർ മതം മാറി ഇസ്ലാം മതം സ്വീകരിച്ചു’- എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

‘ഹിന്ദു മത വിശ്വാസികൾ മരിച്ചാൽ ദഹിപ്പിക്കുമ്പോൾ അവർ മണ്ണിൽ ചേരുകയാണ്. ഇസ്ലാം മതത്തിൽ മൃതദേഹം കുഴിച്ചിടുമ്പോൾ അതും മണ്ണോട് തന്നെയാണ് ചേരുന്നത്. രണ്ട് കൂട്ടരും മണ്ണിനോട് ചേർന്നു പോകുന്നതിനാൽ രണ്ട് മതസ്ഥരും ഒന്നാണെന്നായിരുന്നു’ ഗുലാം നബിയുടെ വാക്കുകൾ. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബി ജെ പിയും പ്രതികൂലിച്ച് ചില ഇസ്ലാം മത സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.