ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി കൃഷ്ണകുമാർ

ന്യൂ ഡൽഹി : കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടനും, ബി ജെ പി നേതാവുമായ കൃഷ്ണകുമാർ കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടിയായിരുന്നു അദ്ദേഹം ഡൽഹിയിലേക്ക് പോയത്. തലസ്ഥാനത്തെ ഈഞ്ചക്കൽ ജംഗ്‌ഷനിലെ ഗതാഗത കുരുക്ക് സംബന്ധിച്ച പരിഹാരമാണ് കൃഷ്ണകുമാർ മന്ത്രിയോട് തേടിയത്.

വിമാനത്താവളം, ടെക്നോപാർക്ക്, പേട്ട, കോവളം എന്നിവിടങ്ങളിലേക്ക് തിരിയുന്ന ഈഞ്ചക്കൽ റോഡിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഗതാഗതമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും കൃഷ്ണകുമാർ പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്.

തന്റെ പരാതിയെ തുടർന്ന് ഈഞ്ചക്കലിലെ ഇഴഞ്ഞു നീങ്ങുന്ന മേൽ പാലത്തിന്റെ നിർമാണം ദ്രുതഗതിയിലാക്കണമെന്ന് മന്ത്രി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക ഓഫീസിൽ വിളിച്ചറിയിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൃഷ്ണകുമാർ വ്യക്തമാക്കി.