തിരുവനന്തപുരം : സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നെന്ന് ധനമന്ത്രി കെ എൻ ബാല ഗോപാൽ. ഓണത്തിന് സംസ്ഥാനം പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചിലവാണെന്നും കേരളത്തിന്റെ വിരലുകൾ അനക്കാൻ പോലും പറ്റാത്ത രീതിയിൽ കേന്ദ്രം കെട്ടിയിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ഇടപെടൽ ഉണ്ടായാൽ മാത്രമേ കേന്ദ്രത്തിന്റെ അവഗണന ജനങ്ങളെ അറിയിക്കാൻ കഴിയൂവെന്നും ബാലഗോപാൽ പറഞ്ഞു.
കെ എസ് ആർ ടി സി ക്ക് എല്ലാ മാസവും ധന സഹായം നൽകേണ്ട സ്ഥിതിയാണുള്ളതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. മഞ്ഞ കാർഡിന് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയിട്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളം. നിവേദനവുമായി കേന്ദ്രത്തിലേക്ക് പോകുമ്പോൾ യു ഡി എഫ് എം പിമാരുടെ വേണ്ടത്ര സഹകരണമുണ്ടാകുന്നില്ലെന്നും എല്ലാവരും ഒരുമിച്ച് പോയാലേ കേരളത്തിന് മുന്നോട്ട് പോകാനാവൂയെന്നും മന്ത്രി പ്രതികരിച്ചു.
നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടികുറച്ചതായി വെളിപ്പെടുത്തി ധനമന്ത്രി രംഗത്തെത്തിയിരുന്നു. 32442 കോടി രൂപയുടെ വായ്‌പ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം നൽകിയെന്നും നിലവിൽ 15390 കൂടിയായി വെട്ടിക്കുറച്ചെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

