കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രെയിനുകളെ സ്ഥിരപ്പെടുത്തി റെയിൽ വേ

തിരുവനന്തപുരം : ഓണം പ്രമാണിച്ച് കേരളത്തിലേക്ക് സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളെ റെയിൽ വേ സ്ഥിരപ്പെടുത്തി. കൊല്ലം – തിരുപ്പതി ബൈ വീക്കിലി, എറണാകുളം -വേളാങ്കണ്ണി ബൈ വീക്കിലി എന്നീ ട്രെയിനുകളെയാണ് സ്ഥിരപ്പെടുത്തി റെയിൽവേ ഉത്തരവിട്ടത്. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്സ് തൂത്തുക്കുടിയിലേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്.

എറണാകുളത്ത് നിന്ന് ശനി, ഞായർ ദിവസങ്ങളിലുള്ള എറണാകുളം -വേളാങ്കണ്ണി ബൈ വീക്കിലി സർവീസ് തിരിച്ചുള്ളത് ചൊവ്വ, ഞായർ ദിവസങ്ങളിലാണ്. സ്ഥിരമാക്കിയതോടെ 16361 എന്ന് നമ്പർ മാറ്റിയ ട്രെയിൻ ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50 ന് വേളാങ്കണ്ണിയിലെത്തും. 16362 എന്ന നമ്പറിൽ വൈകിട്ട് 6.30 ന് തിരിക്കുന്ന ട്രെയിൻ 12 മണിയോടെയാണ് എറണാകുളത്ത് എത്തിച്ചേരുന്നത്. കൊല്ലം – തിരുപ്പതി ബൈ വീക്കിലി ട്രെയിൻ ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിലേക്ക് പോയി തിരിച്ച് ബുധൻ, ശനി ദിവസങ്ങളിൽ വരും. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം 6.20 നാണ് കൊല്ലത്തേക്കെത്തുന്നത്.തിരിച്ചുള്ള യാത്രയിൽ കൊല്ലത്ത് നിന്ന് രാവിലെ 10 ന് പുറപ്പെട്ട് പിറ്റേന്ന് 3.20 ന് തിരുപ്പതിയിലെത്തും.

രണ്ട് തീവണ്ടികളുടെയും സർവീസ് തുടങ്ങുന്ന തീയതി വൈകാതെ റെയിൽ വേ പ്രഖ്യാപിക്കും. ഓണക്കാലത്ത് നാഗർകോവിലിൽ നിന്ന് കോട്ടയം വഴി കൊങ്കൺ റൂട്ടിലൂടെ പനവേലിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ ഉത്തരവിറക്കി. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്പ്രെസ്സിന്റെ സമയത്തിൽ മാറ്റമുണ്ടാകുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മുതൽ ട്രെയിൻ ആലപ്പുഴയിൽ നിന്നും 3 .50 നാകും പുറപ്പെടുന്നത്. എറണാകുളത്ത് 5.20 നും ഷൊർണൂരിൽ 7.47 നും ട്രെയിൻ എത്തി ചേരും.