കൊച്ചി: രഞ്ജിത്തിനെതിരെ മതിയായ തെളിവില്ലെന്ന കാരണം വ്യക്തമാക്കി ചലച്ചിത്ര പുരസ്കാരം നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. പുരസ്‌കാര നിർണയത്തിൽ സ്വജന പക്ഷപാതമുണ്ടെന്ന് ചൂണ്ടിക്കാട്ടി ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജേഷ് മുള്ളേഴത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ഈ വിധിയാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ശരി വച്ചിരിക്കുന്നത്. സംവിധായകൻ വിനയനും ഇതേ ആരോപണം ഉന്നയിച്ച് മുന്നോട്ടു വന്നിരുന്നു. രഞ്ജിത്ത് പുരസ്കാര നിർണയത്തെ സ്വാധീനിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശവും വിനയൻ പുറത്തുവിട്ടിരുന്നു. ജൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നീ ജൂറി അംഗങ്ങളുടെ ശബ്ദ സന്ദേശമായിരുന്നു തെളിവായി പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ലിജീഷ് കോടതിയെ സമീപിച്ചത്.

