തിരുവനന്തപുരം : മുഖ്യമന്ത്രിയെ ആക്രമിക്കാനായി ആ പാവം കുട്ടിയെ വലിച്ചിടുന്നതെന്തിനെന്ന് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായുള്ള സാമ്പത്തിക ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയരാജന്റെ ഇത്തരത്തിലുള്ള പ്രതികരണം. കൺസൾട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ലെന്നും കേന്ദ്ര മന്ത്രിമാരുടെ മക്കൾക്കും ഇതുപോലെ സ്ഥാപങ്ങളുണ്ടല്ലോയെന്നും ജയരാജൻ വിശദീകരിച്ചു.
2017ലെ വിഷയം ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും സേവനത്തിന്റെ പ്രതിഫലം നികുതി അടച്ച് അക്കൗണ്ട് വഴിയാണ് വാങ്ങിയതാണെന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. ഇടതുപക്ഷത്തെ തകർക്കാനുള്ള വലതുപക്ഷ ശക്തികളുടെ ശ്രമമാണിതെന്നും കോട്ടയത്ത് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മൂന്നുവർഷത്തിനിടെ പിണറായി വിജയന്റെ മകൾക്ക് 1.72 കോടി രൂപ ലഭിച്ചിരുന്നു.
ഈ പണം മാസപ്പടിയായി പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ ലഭിച്ചതാണെന്നായിരുന്നു ആദായ നികുതി വകുപ്പ് ഡൽഹി ബെഞ്ച് പറഞ്ഞിരുന്നത്. സേവനങ്ങൾ നൽകാതെയാണ് പണം ലഭിച്ചതെന്ന ആദായ നികുതി വകുപ്പിന്റെ വാദം പ്രതിപക്ഷവും ബിജെപിയും ശരിവയ്ക്കുമ്പോൾ സേവനത്തിനുള്ള പണം തന്നെയാണ് ലഭിച്ചതെന്ന നിലപാടിലാണ് എൽഡിഎഫ്.

