തിരുവനന്തപുരം : കിറ്റ് ഇത്തവണ 5.84 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം ലഭിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് എല്ലാ കാർഡുകാർക്കുമുള്ള കിറ്റ് സർക്കാർ വെട്ടി കുറയ്ക്കുന്നത്. കിറ്റ് നൽകുന്നതിന് 32 കോടി രൂപ മുൻകൂറായി ഗവണ്മെന്റ് സപ്ലൈകോയ്ക്ക് നൽകും. മഞ്ഞക്കാർഡുകാർക്ക് പുറമേ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്ന 20,000 പേർക്കും കിറ്റ് നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഉപ്പ്, തേയില, വെളിച്ചെണ്ണ, പായസക്കൂട്ട് എന്നിങ്ങനെ 13 ഇനങ്ങളാണ് കിറ്റിലുള്ളത്. ആകെ 97 ലക്ഷം കാർഡ് ഉടമകൾ ഉള്ളതിൽ 87 ലക്ഷം കാർ ഉടമകൾക്കാണ് കഴിഞ്ഞവർഷം കിറ്റ് വിതരണം ചെയ്തത്. കോവിഡ് കണക്കിലെടുത്താണ് മുൻപ് കിറ്റുകൾ നൽകിയതെന്നും ഇപ്പോൾ അത്തരം ഒരു സാഹചര്യം നിലവിലില്ലാത്തതിനാലാണ് എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് നൽകാത്തതെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം 13 ഇനം സാധനങ്ങൾക്ക് സബ്സിഡി നൽകിക്കൊണ്ട് കൺസ്യൂമർഫെഡിന്റെ ഓണച്ചന്ത ഈ മാസം 19ന് ആരംഭിക്കും. പൊതുവിപണിയിൽ ഓണം പ്രമാണിച്ചുണ്ടായ വിലക്കയറ്റവും സപ്ലൈകോയിലെ സാധനങ്ങളുടെ ദൗർലഭ്യതയുമാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങാൻ കാരണമായത്. കൺസ്യൂമർഫെഡിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിൽ ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

