ന്യൂ ഡൽഹി : 77 മത്തെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി പ്രധാനമന്ത്രി. ഇന്ത്യയെ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റും. കൊറോണയ്ക്കു ശേഷം രൂപപ്പെട്ട ലോക ക്രമത്തിൽ സാമ്പത്തികപരമായി പത്താം സ്ഥാനത്തുനിന്ന് ഇന്ത്യ അഞ്ചാം സ്ഥാനം നേടിയിരിക്കുകയാണ്. അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറണമെങ്കിൽ ഇന്ത്യയ്ക്ക് സുസ്ഥിര സർക്കാർ വേണം. 2014 നും 2019ലും ജനങ്ങൾ നൽകിയ ഭൂരിപക്ഷമാണ് രാജ്യത്തെ മുന്നോട്ടു നയിച്ചത്.
സ്ത്രീശക്തിയും യുവ ശക്തിയും രാജ്യത്തിന്റെ വളർച്ചയിൽ പ്രധാനപ്പെട്ടതാണ്. ഇന്ന് എടുക്കുന്ന തീരുമാനങ്ങളാണ് രാജ്യത്തെ ആയിരം വർഷത്തേക്ക് മുമ്പോട്ടു പോകാൻ സഹായിക്കുന്നതെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. 25000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഈ വരുന്ന വിശ്വകർമ്മ ദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്കായി 15,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സ്ത്രീ കേന്ദ്രീകൃത വികസനം ലക്ഷ്യം വയ്ക്കുന്നതിനാൽ സ്ത്രീകളെ ലക്ഷാധിപതികളാക്കുന്നതിനായി പദ്ധതികൾ സ്ഥാപിക്കുമെന്നും എല്ലാവർക്കും സ്വന്തമായി ഭവനവും ഭൂമിയുള്ളവർക്ക് വീട് വെക്കാൻ വായ്പ നൽകാനുള്ള പദ്ധതിയും ആവിക്കരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം ഒഴിവാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും 2047ൽ ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും നരേന്ദ്രമോദി വാഗ്ദാനം നൽകി. ഇന്ത്യൻ ഗവൺമെന്റ് മണിപ്പൂരിനൊപ്പമാണ്. സഹോദരിമാരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ സംഭവം ദാരുണമാണ്. മണിപ്പൂരിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ചു വരികയാണെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പ്രിയപ്പെട്ട 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യാഗം ചെയ്ത മഹത് വ്യക്തികൾക്ക് ആദരവും നൽകി. രാജ് ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചെങ്കോട്ടയിൽ പ്രധാനമന്ത്രി എത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കൾ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സംഘർഷം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.
