ന്യൂ ഡൽഹി : ദുരുദേശ്യമോടെയും ശത്രുതയോടെയും പെരുമാറുന്നവരെ വെറുതെ വിടില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായുള്ള അതിർത്തി തർക്കമായാലും പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങളായാലും ഇന്ത്യ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. ഭാവിയിൽ വരാൻപോകുന്ന ആക്രമണങ്ങളെ നേരിടാൻ വേണ്ടി സൈന്യത്തിന് പ്രത്യേക പരിശീലനവും പുതിയ ആയുധങ്ങളും നൽകി വരികയാണെന്നും രാജ് നാഥ് സിംഗ് വിശദമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയിൽ പരമാധികാരം നിലനിർത്തുന്നതിൽ സൈന്യം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അതിർത്തി കാക്കുന്ന ധീരജവാന്മാരുടെ ഒപ്പം എല്ലാ ഇന്ത്യക്കാരും ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മികച്ച ആയുധവും പരിശീലനവും ലഭിക്കുന്നതോടെ വെല്ലുവിളികളെ നേരിടാൻ സൈന്യത്തിന് മനോധൈര്യം വർദ്ധിക്കും. ഇന്ത്യ 77 മത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 140 കോടി ജനങ്ങളും ഇന്ത്യൻ സൈന്യത്തിനൊപ്പമാണെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു.
രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ കാർഗിലിൽ ഓക്സിജൻ കുറവുള്ള മഞ്ഞുമലകളിലോ ആഴക്കടലിലെ അന്തർവാഹിനികളിലോ ഥാർ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിലോ ആയിരിക്കും സൈന്യം എന്നും അദ്ദേഹം വികാരാധീതനായി പറഞ്ഞു. എവിടെ ആയാലും 140 കോടി ജനങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ വസിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

