നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രിക്ക് എത്താൻ കഴിഞ്ഞില്ല

ആലപ്പുഴ : 69 മത് നെഹ്‌റു ട്രോഫി ജല മേളയ്ക്ക് പുന്നമടക്കായലിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റർ സമയത്ത് ലാൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജിചെറിയാനാണ് വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ മത്സര സമയത്ത് മഴ ശക്തമായി പെയ്തത് തിരിച്ചടിയായി.

പ്രൊഫഷണൽ തുഴച്ചിൽക്കാരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തുഴച്ചിൽക്കാരും മത്സരത്തിൽ വള്ളങ്ങൾ തുഴയും. 72 കളി വള്ളങ്ങളുള്ളതിൽ 19 എണ്ണം ചുണ്ടൻ വള്ളങ്ങളാണ്. മത്സരത്തിൽ 5 ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന 4 കളി വള്ളങ്ങളാണ് കലാശപ്പോരിനിറങ്ങുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് വള്ളം കളി കാണാൻ വേണ്ടി പുന്നമട കായലിന്റെ തീരങ്ങളിൽ നിൽക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും വള്ളം കളി കാണാനായി എത്തിയിട്ടുണ്ട്.