കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കും; വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഓണാവധി കഴിഞ്ഞ് കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായെന്നും ഇവ ഉൾക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയിലും ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.