തിരുവനന്തപുരം: ഓഗസ്റ്റ് 18 ന് മുൻപ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം അറിയിച്ചു. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്‌പെഷ്യൽ അരിയുടെ വിതരണത്തിന് തുടക്കമായി. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്‌പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക.
എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്‌സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ലെന്നാണ് ആരോപണം. വിമർശനം ശക്തമായതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ ഇടപെടൽ നടത്തിയത്.

