മോദിക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി രംഗത്തെത്തി

ന്യൂ ഡൽഹി : പാർലമെന്റിലെ മോദിയുടെ പ്രസംഗത്തെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയക്കാരനെ പോലെ വെറും രണ്ട് മിനിട്ട് സമയമാണ് മോദി സംസാരിച്ചത്. 2 മണിക്കൂറും 13 മിനിട്ടും നീണ്ട് നിന്ന പ്രസംഗത്തിൽ മോദി മണിപ്പൂരിനെ കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല. മണിപ്പൂർ മാസങ്ങളായി കത്തികൊണ്ടിരിക്കുകയാണ്. ബലാത്സംഗങ്ങൾ നടക്കുന്നു, മനുഷ്യർ മരിച്ച് വീഴുന്നു ,പക്ഷേ പ്രധാനമന്ത്രി ചിരിക്കുകയാണ്- എന്നായിരുന്നു രാഹുലിന്റെ വിമർശനം.

ഇന്ത്യൻ സൈന്യം വിചാരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ മണിപ്പൂർ കലാപം നിർത്താനാകുമെന്നും എന്നാൽ പ്രധാനമന്ത്രി തീ കെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടി ചേർത്തു. അപകീർത്തി കേസിൽ സുപ്രീം കോടതി വിധി വന്ന് ലോക്സഭാംഗത്വം തിരിച്ച് കിട്ടിയതോടെ രാഹുൽ ഗാന്ധി പാർലമെന്റിൽ സജീവമാകുന്നതിന്റെ തെളിവാണ് മോദിക്കെതിരെയുള്ള പുതിയ വിമർശനം.