കോട്ടയം : പുതുപ്പള്ളി തിരഞ്ഞെടുപ്പ് മാറ്റണോ വേണ്ടയോ എന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്ന് ചാണ്ടി ഉമ്മൻ. താൻ ഉമ്മൻചാണ്ടിയെ അനുകരിക്കുകയാണെന്ന വിമർശനത്തിൽ പ്രതികരിക്കാനില്ലെന്നും സോളാർ കേസ് ഇനിയും ഉയർന്നു വരുമോയെന്ന് പേടിയില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മണർകാട് പള്ളിയിലെ പെരുന്നാളായതിനാൽ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഒരു മാസം മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനായുള്ളത്.
പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. ഈ മാസം 17 നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ 5 ന് വോട്ടെടുപ്പ് നടക്കുകയും സെപ്റ്റംബർ 8 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയെങ്കിലും സി പി എം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ജെയ്‌ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ സി പി എം സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത്. അതേ സമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരിക്കുകയാണ്.