ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്തും; ബ്രിട്ടീഷ് സുരക്ഷാ മന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

ന്യൂ ഡൽഹി : ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻധാട്ടും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ച്ച നടത്തി. ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്താൻ ബ്രിട്ടൻ ഫണ്ട് വകയിരുത്തിയതായി ടോം അറിയിച്ചു. 95000 പൗണ്ടാണ് ഖലിസ്ഥാൻ ഭീകരവാദത്തെ നേരിടാൻ ബ്രിട്ടൻ മാറ്റി വച്ചതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ നടത്തിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമാണ് ബ്രിട്ടനും ഇന്ത്യയും. രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമേറിയതും ദൃഢവുമാണ്.

ലോകത്തെ സമൃദ്ധവും സുരക്ഷിതവുമാക്കി മാറ്റാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഇന്ത്യയും യു കെയും ഒരുമിച്ച് നേരിടുമെന്നും ബ്രിട്ടീഷ് സുരക്ഷ മന്ത്രി ടോം അഭിപ്രായപ്പെട്ടു. കൊൽക്കത്തയിൽ വച്ച് നടക്കുന്ന ജി 20 അഴിമതി വിരുദ്ധ മന്ത്രി തല യോഗത്തിൽ ബ്രിട്ടീഷ് മന്ത്രി പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്നതാണ് ടോം തുഗെൻധാട്ടിന്റയും ജയ്ശങ്കറിന്റെയും ഇപ്പോഴത്തെ കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം.