ഡൽഹി : മായ എന്ന പേരിൽ തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. സൈബർ ആക്രമണങ്ങളെ ചെറുത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിൻഡോസിനെ ഒഴിവാക്കി സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. പുതുതായി വികസിപ്പിച്ചെടുത്ത മായാ ഒ എസ് ഉടൻതന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്യും. വർഷാവസാനത്തോടെ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ഈ സോഫ്റ്റ്‌വെയർ സൈബർ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സുരക്ഷയ്ക്കായി വിദേശ സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.
ഇതോടെ ഇന്ത്യൻ ആർമിയും നേവിയും എയർ ഫോഴ്സുമെല്ലാം മായ ഒ എസിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണം 2021 ൽ വന്നതോടെയാണ് സ്വന്തമായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘമാണ് ആറുമാസ കാലയളവ് കൊണ്ട് മായ ഒ എസ് വികസിപ്പിച്ചെടുത്തത്.

