കാരാട്ടിന്റെ ഇ മെയിൽ ഇടപാടിനെ പറ്റി അന്വേഷിക്കാനൊരുങ്ങി ഇ ഡി

ന്യൂ ഡൽഹി : ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടൽ വിവാദവുമായി ബന്ധപ്പെട്ട് വിദേശ വ്യവസായി മൊഗൾ നെവിൽ റോയ് സിംഘവുമായി പ്രകാശ് കാരാട്ട് നടത്തിയ ഇ മെയിൽ ഇടപാട് അന്വേഷിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ന്യൂസ് ക്ലിക്ക് വെബ്സൈറ്റ് ചൈന അനുകൂല പ്രചാരണങ്ങൾക്ക് വിദേശത്ത് നിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നടപടിയാണ് ഈ കേസിൽ തങ്ങൾ സ്വീകരിക്കുന്നതെന്ന് ഇ ഡി വ്യക്തമാക്കി.

ന്യൂസ് ക്ലിക്കിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദിനും കുടുംബത്തിനും മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻ ജോയ് ഗുഹ തകുർത്തയ്ക്കും പണം കൈ മാറിയെന്ന് ആരോപണവും ഇ ഡിഅന്വേഷിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരെ അപവാദം പ്രചരിപ്പിക്കാൻ ന്യൂസ് ക്ലിക്കിന് വിദേശസഹായം ലഭിക്കുന്നുണ്ടെന്ന് ബി ജെ പി കഴിഞ്ഞ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. സി പി എമ്മിനെതിരെയുള്ള ആരോപണങ്ങൾ അവർ നിഷേധിച്ചെങ്കിലും പ്രകാശ് കാരാട്ട് നടത്തിയ ഇ മെയിൽ ഇടപാടുകൾ സഭയിൽ വയ്ക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ബി ജെ പി അംഗം നിഷികാന്ത് ദുബെ.