തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി സി പി എം. നിയമ പരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ സേവന ലഭ്യതയ്ക്കുള്ള കരാറിലേർപ്പെട്ടെന്നും കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് വാർഷികമായി പണം നൽകിയതെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു. സി എം ആർ എൽ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പരിഹാരത്തിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയത്. ഈ സംഭവത്തിൽ വീണയുടെ കമ്പനി കക്ഷിയല്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നോക്കിക്കണ്ട് വന്ന ഗൂഢാലോചനയാണിതെന്നും സി പി എം വിമർശിച്ചു. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായി എന്തു തൊഴിൽ വേണമെങ്കിലും ചെയ്യാൻ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും കമ്പനി ആരംഭിച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങളും പണമിടപാടുമെല്ലാം സുതാര്യമാണ് .
മുഖ്യമന്ത്രിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല. കമ്പനിയുമായി ഉണ്ടായ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നതെന്നും സംസ്ഥാസെക്രട്ടറിയേറ്റ് വിമർശിച്ചു. കുറച്ചു കാലമായി കേന്ദ്രഗവണ്മെന്റ് ഏജൻസികൾ രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാൻ കുടുംബത്തെ ഉപയോഗിക്കുന്ന നീക്കമാണ് ഇതിനു പിന്നിലെന്നും വ്യക്തമാണ്. സെറ്റിൽമെന്റ് ഓർഡറിൽ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിൽ ഗൂഢാലോചനയുണ്ട്. വീണയുടെ അഭിപ്രായം ചോദിക്കാതെ നടപടി എടുത്തെന്നത് വ്യക്തമാണ്. കേന്ദ്ര ഏജൻസി നൽകുന്ന വാർത്ത അതെ രീതിയിൽ കൊടുത്ത മാധ്യമങ്ങൾ കേരളത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ട് വർഷങ്ങൾ കുറെയാകുന്നു. എന്നാൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാനോ നടപടി സ്വീകരിക്കാനോ മാധ്യമങ്ങൾക്കാവുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലായ്പോഴും എത്തുന്ന കുപ്രചാരങ്ങളെല്ലാം കാറ്റിൽ പറന്നു പോയിട്ടേയുള്ളു. അതിന്റെ പിറകെയെത്തിയ ഈ കഥയും കാലത്തിന്റെ ചവറ്റു കുട്ടയിൽ എറിയപ്പെടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

