വാട്ടർ മെട്രോ പദ്ധതി കൊല്ലത്തേക്കും എത്തിക്കാനുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കമായി

കൊല്ലം : എറണാകുളത്ത് നടപ്പാക്കിയ വാട്ടർ മെട്രോ പദ്ധതി കൊല്ലത്തും പ്രാബല്യത്തിൽ വരുന്നു. ഇതിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മേയർ പ്രസന്ന ഏണസ്റ്റ് ജലഗതാഗത വകുപ്പുമായി ചർച്ചകൾ നടത്തി. കൊച്ചിയിൽ പദ്ധതി വൻ വിജയമായതോടുകൂടിയാണ് കൊല്ലത്തേക്കും വ്യാപിപ്പിക്കാനായി ഒരുങ്ങുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ വാട്ടർ മെട്രോ ബന്ധിപ്പിക്കുന്ന തോടെ വിനോദസഞ്ചാരത്തിന് അതൊരു മുതൽക്കൂട്ടാവും.

കൊല്ലത്തെ അഷ്ടമുടി കായലിൽ ഗതാഗതത്തിന് ഉതകുന്ന രീതിക്കാണ് വാട്ടർ മെട്രോ നടപ്പിലാക്കുന്നത്. ആദ്യം മൺട്രോത്തുരുത്തിലേക്കും പിന്നീട് പരവൂരിലേക്കും ചവറയിലേക്കും മെട്രോയെ ബന്ധിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്. കൊച്ചി വാട്ടർ മെട്രോയുടെ പ്രവര്‍ത്തനരീതിയെ സംബന്ധിച്ച് മേയർ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും ചർച്ച നടത്തി. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് കൊല്ലം ജില്ലയിൽ പദ്ധതി ആവിഷ്കരിക്കാനുദേശിക്കുന്നത്.