തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഓഗസ്റ്റ് 11ന് ആരംഭിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്.
വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപയ്ക്ക് വിതരണം ചെയ്യും. അതേസമയം, കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾക്ക് ഈ മാസം 19ന് തുടക്കം കുറിക്കും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകൾ ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് പ്രവർത്തിക്കുക. സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലെ അതേ വിലയിൽ ലഭിക്കും.

