ഉമ്മൻ ചാണ്ടിയേയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം : കേരള നിയമസഭയുടെ ഒൻപതാം നിയമസഭ സമ്മേളനം കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയേയും മുൻ സ്പീക്കർ വക്കം പുരുഷോത്തമനേയും ആദരിച്ച് തുടക്കമിട്ടു. കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു ഏട് അവസാനിച്ചെന്നും അത്യപൂർവ്വ സാമാജികനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പിണറായി വിജയൻ അനുസ്മരിച്ചു. ഒരേ മണ്ഡലത്തിൽ നിന്ന് ആവർത്തിച്ച് സഭയിലെത്തുന്നയാൾ , ഒരു തവണ പോലും പരാജയം അറിയാത്തയാൾ എന്ന അത്യപൂർവ നേട്ടത്തിനുടമയാണ് ഉമ്മൻ ചാണ്ടി. 1970 ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരുമിച്ചായിരുന്നു സഭയിലെത്തിയതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കവേ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി ഇരുചേരിയിൽ നിൽക്കുമ്പോഴും സൗഹൃദത്തിൽ വിട്ടു വീഴ്ച്ച ചെയ്യാത്ത വ്യക്തിയായ അദ്ദേഹം രോഗാതുരനായപ്പോഴും തന്റെ കടമ നിർവഹിക്കാൻ വിമുഖത കാട്ടിയില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

ഇതോടെ പ്രതിപക്ഷനേതാവ് വികാരനിർഭരനായി ഉമ്മൻ ചാണ്ടിയെ സഭയിൽ ഓർമിച്ചു. ഉമ്മൻചാണ്ടി അപഞ്ചലനായ ദൈവവിശ്വാസിയായിരുന്നുന്നെന്നും കുരിശിലേറ്റി ക്രൂശിച്ചവർ തന്നെ അവസാനം അദ്ദേഹം നീതിമാനാണെന്ന് പറഞ്ഞെന്നും സതീശൻ വിമർശിച്ചു. ആൾക്കൂട്ടത്തെ ഊർജ്ജമാക്കിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്‌പീക്കർ അനുസ്മരിച്ചു. കേരള നിയമ സഭയുടെ സ്‌പീക്കറായി ഏറ്റവും കൂടുതൽ കാലമിരുന്ന വക്കത്തിനും നിയമസഭയിൽ ആദരമർപ്പിച്ചു. വക്കത്തിന്റെ പ്രത്യേകത തന്നെ നിശ്ചയദാർഢ്യവും കൃത്യ നിഷ്ഠതയുമായിരുന്നെന്നാണ് സ്പീക്കർ എം എൻ ഷംസീർ പറഞ്ഞത്.